05:00pm 08 May 2026
NEWS
ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ
07/05/2026  04:15 PM IST
nila
ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ

ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിൽ മലയാളി യുവതി ക്രൂരമായി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഷെൽട്ടർ ഹോം ഉടമയായ ദീപക് കൃഷ്ണയെ കർണാടക പൊലീസ് കന്യാകുമാരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ ബെംഗളൂരുവിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കും. മലയാളിയായ ദീപക് ബെംഗളൂരുവിൽ തെരുവ് നായകൾക്കായുള്ള ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു.

വാടാനപ്പള്ളി സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായി മരണപ്പെട്ടത്. ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. ലൈംഗികാതിക്രമശ്രമത്തെ ചെറുത്തതിനെ തുടർന്നാണ് ദീപക് യുവതിയെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യുവതി ലൈംഗികാതിക്രമത്തിനും ഇരയായതായി അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവതി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ചയാണ് മരണത്തിന് കീഴടങ്ങിയത്.

വാടാനപ്പള്ളിയിൽ തെരുവ് നായകൾക്കായി ചെറിയൊരു ഷെൽട്ടർ ഹോം നടത്തിവന്നിരുന്ന യുവതി സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ബെംഗളൂരുവിലേക്ക് പോയത്. സമീപത്തെ സ്കൂളിൽ നിന്ന് ലഭിച്ചിരുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഉപയോഗിച്ചായിരുന്നു നായകളെ സംരക്ഷിച്ചിരുന്നത്. സ്കൂൾ അടഞ്ഞതോടെ വരുമാനവും ഭക്ഷണവും കുറഞ്ഞ സാഹചര്യത്തിൽ, ബെംഗളൂരുവിലെ ഷെൽട്ടർ ഹോമിൽ ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി അവിടേക്ക് എത്തിയത്.

ഏപ്രിൽ 17ന് സഹോദരിയുടെ മകൾക്കും ഒരു തൃശൂർ സ്വദേശിനിക്കും ഒപ്പമാണ് യുവതിയും ഭർത്താവും ബെം​ഗളുരുവിൽ എത്തിയത്. പിന്നാലെ തന്നെ ദീപക്കിൽ നിന്ന് ശാരീരിക പീഡനം നേരിടേണ്ടിവന്നതായാണ് വിവരം. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൂര മർദ്ദനമുണ്ടായത്. ആക്രമണത്തിൽ യുവതിയുടെ നെഞ്ചുൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റിരുന്നു.

ചെറുവല്ലൂർ കാരണർ കേസിലെ പ്രതിയായ ഷെറിന്റെ സഹതടവുകാരിയായിരുന്നു മരിച്ച യുവതി. വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര ജയിലിൽ കഴിയുന്നതിനിടെ ഷെറിന് ജയിലിൽ നിയമവിരുദ്ധ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന ആരോപണം ഉയർത്തിയത് ഇവരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img